2019. കെ. എസ്. ആർ. ടി. സി. ബസ്
ബസ്സ് യാത്ര , ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് . എനിക്ക് എൻ്റെ അഹങ്കാരം കുറക്കാൻ നല്ലൊരു ഐഡിയ ആയിട്ടാണ് പബ്ലിക് ട്രാൻസ്‌പോർട് യാത്ര യെ ഞാൻ കാണാറ്. എപ്പോഴെങ്കിലും നമ്മളു വല്യ സംഭവം ആണെന്നു തോന്നുമ്പോൾ അപ്പോഴൊക്കെ ഞാൻ പബ്ലിക് ട്രാൻസ്പോർട്ടിൽ ഒറ്റക്ക് യാത്ര ചെയ്യാൻ ശ്രമിക്കാറുണ്ട്. കാരണം നമ്മുടെ ഓഫീസിൽ ചിലപ്പോ നമ്മളു വല്യ മാനേജർ, നാട്ടിൽ ഇന്ന ആളുടെ മകനോ മകളോ, ഫെയ്‌സ് ബുക്കിൽ വല്യ ഫോള്ളോവെർസ് ഉള്ള കലാകാരനോ ആയിട്ടായിരിക്കാം നമ്മളെ അറിയപ്പെടുന്നത് . പക്ഷേ നമ്മളെ അറിയാത്ത സ്ഥലത്തു പബ്ലിക് ട്രാൻസ്പോർട്ടിൽ യാത്ര ചെയ്യുമ്പോൾ നമുക്ക് ഈസിയായി മനസ്സിലാകും “നിസ്സാരം”. എഴുന്നൂറ്റി എഴുപതു കോടിയിൽ ഒന്ന്. അത്രേയുള്ളു!.
രണ്ടായിരത്തി പത്തൊൻപത്. ഒരു ദിവസം എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് കെ. എസ്. ആർ. ടി. സി. ബസ്സിൽ. ഏകദേശം പന്ത്രണ്ടു മണിക്ക് തൃശ്ശൂരെത്തി . “നമ്മുടെ ബസ് ബിഫോർ ടൈം ആണ് . അതുകൊണ്ടു ഏകദേശം മുപ്പതു മിനിറ്റു ബ്രേക്ക് ഉണ്ട്”, കണ്ടക്ടർ അറിയിച്ചു. പുറത്തേക്കു നോക്കിയപ്പോൾ കോഴിക്കോട്ടേക്കുള്ള വേറെ മൂന്നു ബസ്സുകൾ സ്റ്റാൻഡിൽ ഉണ്ട്. അതങ്ങിനെയാണല്ലോ ചിലതൊക്കെ ആവശ്യമുള്ളപ്പോൾ ഒന്നും കണ്ടില്ലെങ്കിലും ആവശ്യമില്ലാത്തപ്പോൾ കൂട്ടത്തോടെയും കാണും!. എനിക്കാണെങ്കിൽ കോഴിക്കോട് നേരത്തെ എത്തുകയാണെങ്കിൽ കുറച്ചു പരിപാടികൾ ഉണ്ട് താനും. ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി , “ഐഡിയ!, ബസ് മാറി കേറിയാലോ?, പക്ഷെ അതിനും ടിക്കറ്റ് എടുക്കണ്ടേ ? മുപ്പതു മിനിട്ടാണോ വലുത് തൃശൂർ കോഴിക്കോട് ബസ് ചാർജ് ആണോ വലുത്!, കൺഫ്യൂഷൻ , പെട്ടെന്ന് തീരുമാനിക്കണം. കാരണം ആദ്യത്തെ ബസ് മൂവ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
തീരുമാനമായി, നമ്മളെപോലുള്ള പ്രധാനികൾക് ‘ടൈം’ ആണ് വലുത്. ഉടനെ ഒന്നും നോക്കിയില്ല. പുറകെ ഓടി ആ ബസ്സിൽ കയറിപ്പറ്റി. ആദ്യത്തെ ബസ്സിലെ കണ്ടക്ടർ നിസ്സംഗതയോടെ എൻ്റെ ഓട്ട മത്സരം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ഈ ബസ്സിന് കോഴിക്കോട് വരെ ടിക്കറ്റ് ഉള്ള ആൾ വേറെ ബസ്സിൽ ടിക്കറ്റ് എടുത്ത് പോകുന്നത് എന്തിനായിരിക്കും!. ശരിക്കും ഒരു മഹാൻ തന്നെ ആയിരിക്കും അയാൾ”. എന്ന് മനസ്സിലായ പോലെ. ഓഫ്‌കോഴ്സ് സത്യം മനസ്സിലാക്കിയ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എൻ്റെ സ്വന്തം ഐഡിയയിൽ മുപ്പതു മിനിറ്റ് ലാഭിച്ചത് ആലോചിച്ചു എനിക്ക് എന്നെ കുറിച്ച് ഭയങ്കര അഭിമാനവും തോന്നി .
അങ്ങിനെ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ബസ് എടപ്പാൾ എത്തിയപ്പോൾ ഫുഡ് കഴിക്കാൻ നിറുത്തി!. നേരത്തെ ഞാൻ കണ്ട മറ്റു രണ്ടു ബസ്സും ഞാൻ തൃശൂർ വരെ വന്ന ആദ്യത്തെ ബസ്സും പോകുന്നത് ഞാൻ സൈഡ് സീറ്റിൽ ഇരുന്നു കണ്ടു. എൻ്റെ ആദ്യത്തെ ബസ്സിലെ കണ്ടക്ടർ എന്നെ കാണരുതേ എന്ന് മാത്രം പ്രാർത്ഥിച്ചു വേഗം മുഖം മറച്ചു ഇരുന്നു .
ഈ കഥയ്ക് ഒരു രണ്ടാം ഭാഗം ഉണ്ട്. അതിങ്ങനെയാണ് .പിറ്റേ ദിവസം രാവിലെ തിരിച്ചു എറണാകുളത്തേക്ക്, കുറച്ചു രാജകീയമായി കെ എസ് ആർ ടി സി – ലോ ഫ്ലോർ എ സി ബസ്സിൽ യാത്രയായി. നല്ല ലോകവിവരം ഉള്ളതുകൊണ്ട് ലോ ഫ്ലോർ ബസ്സുകൾ നെടുമ്പാശേരി എയർപോർട്ട് വഴിയാണ് എറണാകുളത്തേക്ക് പോകാറുള്ളത് എന്നെനിക്കറിയാമായിരുന്നു. ഉടനെ എൻ്റെ ബുദ്ധി വർക്ക് ചെയ്യാൻ തുടങ്ങി. എയർപോർട്ട് വരെ പോയി തിരിച്ചു വരുന്നതിനു ഏകദേശം മുപ്പതു മിനിറ്റു അധികം സമയം എടുക്കും. അപ്പോൾ അങ്കമാലി ഇറങ്ങി മറ്റൊരു ബസ്സിന് എറണാകുളത്തേക്കു കയറിയാൽ മുപ്പതു മിനിട്ടു ലാഭിക്കാം. അങ്കമാലിയിൽനിന്നും നിന്നും എറണാകുളം നേരിട്ടുള്ള ബസ്സിൽ പോകുകയാണെങ്കിൽ ഏകദേശം ഒരു മണിക്കൂറേ എടുക്കൂ. അതുകൊണ്ട് അതി വിദഗ്ദമായി അങ്കമാലി വരെയേ ടിക്കറ്റ് എടുത്തുള്ളൂ .
അങ്ങിനെ ബസ് തൃശൂർ എത്തി. ഇത്തിരി പ്രായമായ രണ്ടുപേര് ഡോറിനടുത്തു ഇരുന്നിരുന്ന എന്നോട് ഇത് എറണാകുളം പോകുന്ന ബസ് ആണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു. “അതേ, പക്ഷേ എയർപോർട്ട് വഴിയാണ് ഈ ബസ് പോകുക.അങ്കമാലി ഇറങ്ങി അടുത്ത ബസ് പിടിക്കാണെങ്കി മുപ്പതു മിനിട്ടു ലാഭിക്കാം.” അവർക്കും എൻ്റെ ഐഡിയ പറഞ്ഞു കൊടുത്തു. അങ്ങിനെ അവരും അങ്കമാലി വരെയേ ടിക്കറ്റെടുത്തുള്ളൂ. രണ്ടു പേരെ കൂടി എൻ്റെ സ്വന്തം ബുദ്ധികൊണ്ട് സഹായിച്ചപ്പോൾ കിട്ടുന്ന ഒരു സുഖം വേറെത്തന്നെ ആണ് . അങ്ങിനെ ബസ് അങ്കമാലി എത്തി, ഞങ്ങൾ മൂന്നു പേരും ഇറങ്ങി. സാധാരണ രാവിലെ അങ്കമാലിയിൽ നിന്നും ഓരോ പത്തു മിനിട്ടിലും രണ്ടു മൂന്നു ബസ്സുകൾ ഉണ്ടാകാറുണ്ട് . പക്ഷെ അന്നേ ദിവസം കുറച്ചു വൈകിയാണ് ബസ് വന്നത്. നല്ല തിരക്കും. അങ്കമാലി വരെ ഇരുന്നു സുഖമായി വന്നിരുന്ന ഞങ്ങൾ മൂന്നു പേരും നിൽക്കാൻ തന്നെ ശരിക്കു സ്ഥലമില്ലാത്ത ബസ്സിൽ എങ്ങിനെയൊക്കെയോ കേറി പറ്റി. എറണാകുളം എത്തുന്നതിനു മുൻപ് നമ്മുടെ ലോ ഫ്ലോർ ബസ് ഓവർ ടെക്ക് ചെയ്തു പോകുന്നത് കാണാനും പറ്റി. ഞാൻ ഐഡിയ പറഞ്ഞു കൊടുത്ത രണ്ടുപേരും അത് കണ്ടില്ല. എന്റെ ഭാഗ്യം!. അല്ലെങ്കിൽ അവരു രണ്ടുപേരും എൻ്റെ കഥ കഴിച്ചിട്ടും ഉണ്ടാകും. ങ്ങളോട് ഈ കഥ പറഞ്ഞു തരാൻ ഞാനും ഉണ്ടാകുമായിരുന്നില്ല!.
സമ്മറി:- ഐഡിയ ഒക്കെ നല്ലതാണ്. പക്ഷെ ഒരു മയത്തിലൊക്കെ മതി. ഓവർ ആവരുത്. കൂടാതെ നടക്കും എന്ന് ഉറപ്പില്ലാത്ത ഐഡിയ വെച്ച് ദയവു ചെയ്തു മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കരുത്. അവരെങ്കിലും സമാധാനമായി ജീവിച്ചോട്ടെ.