2018. വാല്യൂ ഇരട്ടിപ്പിക്കൽ
രണ്ടായിരത്തി പതിനെട്ട്. ഒരു ദിവസം മൂത്ത മകളുടെ ക്ലാസ് ടീച്ചർ വിളിച്ചു. ഒരു സന്നഗ്ദ്ധ സംഘടനയുടെ സ്കോളർഷിപ് മോൾക്ക് കിട്ടിയിട്ടുണ്ട്. അത് മേടിക്കാൻ സ്കൂളിൽ വരണം. പിറ്റേന്ന് മോളുടെ കൂടെ സ്കൂളിൽ പോയി സ്കോളർഷിപ് തുകയായ ആയിരം രൂപ ഞാനും മോളും കൂടി കൈപറ്റി.
മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു ഫീൽ എൻ്റെ മോൾക്കുണ്ടോ എന്ന് അറിയാൻ വേണ്ടി അവളോട് ഞാൻ ഒരു ഐഡിയ പറഞ്ഞു. “മോളേ .. നമുക്കിത് പി.ടി.എ . ഫണ്ടിലേക്ക് കൊടുത്താലോ “, അവൾ തിരിച്ചു ചോദിച്ചു., “ഇത് എനിക്ക് കിട്ടിയതല്ലേ .. എന്റേതല്ലേ…”, ഞാൻ പറഞ്ഞു “ന്നാലും സാരല്ല , ഞാൻ മോൾക്ക് നാളെ ആയിരം രൂപ തരാം, തല്കാലം ഇത് കൊടുക്ക്”. മനസ്സില്ലാ മനസ്സോടെ അവളു സമ്മതിച്ചു. എന്നെപ്പറ്റി നല്ലവണ്ണം അറിയുന്നത് കൊണ്ട് നാളെ കിട്ടുമോ എന്ന് അത്രക്ക് ഉറപ്പില്ലാത്തപോലെ.
അങ്ങിനെ പി.ടി.എ . ചുമതലയിലുള്ള ടീച്ചറിനെ കണ്ടു മോളെകൊണ്ടുതന്നെ ആ പൈസ കൊടുപ്പിച്ചു. ടീച്ചറും സ്കോളർഷിപ് പൈസ സംഭാവനയായി കിട്ടും എന്ന് പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.ഉടനെ ആ ടീച്ചർ മോളുടെ ക്ലാസ്സ് ടീച്ചറിനെ ഈ വിവരം അറിയിച്ചു. ടീച്ചർ ക്‌ളാസ്സിൽ ഉള്ള കുട്ടികളോടും ഇതേക്കുറിച്ചു പറഞ്ഞു. ഇതുകേട്ട അടുത്ത ക്ലാസ്സിലെ ടീച്ചർ അവരുടെ ക്‌ളാസ്സിലും ഇതിനെക്കുറിച്ചു പറഞ്ഞു. ഒരു നല്ല ചുരിദാറു മേടിക്കാൻ പോലും തികയാത്ത ആയിരം രൂപ കിട്ടേണ്ടിടത്തു കിട്ടിയാൽ ഇത്രയും വാല്യൂ ഉണ്ടെന്നു അന്നായിരിക്കും എൻ്റെ മോൾക്ക് മനസ്സിലായിട്ടുണ്ടാവുക !. പിറ്റേ ദിവസം ഞാൻ ആയിരം രൂപ അവൾക്കു കൊടുത്തപ്പോൾ അവള് വേണ്ട എന്ന് പറഞ്ഞു. കാരണം അവൾക് അതിൻ്റെ പതിന്മടങ്ങ് സന്തോഷം എപ്പഴോ കിട്ടിക്കഴിഞ്ഞിരുന്നു.
സമ്മറി:- പിള്ളേർക്ക് നല്ല നല്ല അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക. എല്ലാം കണ്ടു പഠിച്ചു അവർ നമ്മളെക്കാളും ഉഷാറാവട്ടെ.
Nice