2018. മാത്സ് ട്യൂഷൻ
കഥാപാത്രങ്ങൾ :
- സജി: കൂടെ പഠിക്കുന്ന കൂട്ടുകാരൻ.
- മിനി : കൂടെ പഠിക്കുന്ന കൂട്ടുകാരി.
രണ്ടായിരത്തി പതിനെട്ട് . ഒരു ദിവസം മൂത്ത മകൾ പറഞ്ഞു. അവളെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തത്രെ. സ്കൂളിലെ തിരഞ്ഞെടുപ്പ് എങ്ങിനെ ആണ് എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് അവളോട് ഡീറ്റെയിൽസ് ചോദിച്ചു.
അവൾ അവളുടെ ക്ലാസ് ലീഡർ ആയിരുന്നു. എല്ലാ ക്‌ളാസ്സിലെയും ഫസ്റ്റ് ആൻഡ് സെക്കൻഡ് ലീഡേഴ്‌സ് കൂടി വോട്ടിംഗ് നടത്തിയാണ് സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതത്രെ. അങ്ങിനെ ഏകദേശം മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യം അവരിൽ നിന്നും അഞ്ചു പേരെ സ്ഥാനാർത്ഥികൾ ആയി തിരഞ്ഞെടുത്തു. അവളുടെ ക്‌ളാസ് ടീച്ചർ നിർബന്ധിച്ചപ്പോൾ അവളും സ്ഥാനാർഥി ലിസ്റ്റിൽ പെട്ടു . എല്ലാ സ്ഥാനാർത്ഥികളും ഓരോ മിനിറ്റു സ്വയം പരിചയപ്പെടുത്തണം. അതിനുശേഷം വോട്ടിംഗ്. സ്ഥാനാർഥികൾക്കും വോട്ടുണ്ട്.
ഞാൻ മകളോട് ചോദിച്ചു. “നീ ആർക്കാണ് വോട്ട് ചെയ്തത്?”, അവള് പറഞ്ഞു , “ഒൻപതാം ക്ലാസ്സിലെ ഒരു കുട്ടിക്ക് “, അവൾ അവൾക്കുതന്നെ വോട്ട് ചെയ്തിട്ടില്ല എന്നറിഞ്ഞപ്പോൾ എനിക്ക് ഇത്തിരി സന്തോഷമായി. നമുക്കുള്ള അവസരം ആണെങ്കിൽ അവിടെ നമ്മൾ എങ്ങിനെ ആയാലും എത്തും. പ്രത്യേകിച്ച് ഡെക്കറേഷൻ വേണ്ട . എന്നിട്ടു സമാനമായ ഒരു കഥ അവൾക്കു പറഞ്ഞു കൊടുത്തു.
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊന്ന്. പത്താം ക്‌ളാസ്സ്. മാത്‍സ് ട്യൂഷൻ പോയിരുന്നു. ആൺകുട്ടികളും പെൺ കുട്ടികളുമായി ഇരുപത് പേരാണ് ക്‌ളാസ്സിൽ ഉണ്ടായിരുന്നത്. ട്യൂഷൻ സാറു പറഞ്ഞു നമുക്കൊരു ലീഡറെ വേണം. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സ്മാർട്ടും, അത്യാവശ്യം പഠിക്കുന്നവനും, ലീഡർ ഷിപ്പിനു കഴിവുമുള്ള പയ്യനായിരുന്നു സജി. എല്ലാർക്കും സജിയെക്കുറിച്ചു നല്ല മതിപ്പും ആയിരുന്നു. എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു. “സാർ സജി ആയിക്കോട്ടെ … ഞങ്ങൾക്കെല്ലാവർക്കും സമ്മതമാണ് “. പക്ഷെ ഒരാൾ മാത്രം സമ്മതിച്ചില്ല. ആരെന്നറിയാമോ ? സജി . സാറും ഞങ്ങൾ എല്ലാവരും പറഞ്ഞിട്ടും സജി ലീഡർ ആവാൻ ഒരു നിലക്കും സമ്മതിച്ചില്ല !. അവസാനം നിവൃത്തി ഇല്ലാതെ ആയപ്പോൾ വോട്ടിംഗ് നടത്താൻ തീരുമാനിച്ചു. പക്ഷെ ആരും സ്ഥാനാർഥി ആകാൻ തയ്യാറായില്ല. അവസാനം എല്ലാവരും നിർബന്ധിച്ചു ഇലക്ഷൻ നടക്കാൻ വേണ്ടി മിനിയെയും സ്ഥാനാർഥി ആക്കി. ഉടനെ സജി പറഞ്ഞു , “വോട്ടിങ്ങിന്റെ ആവശ്യം ഇല്ല . മിനി ആയിക്കോട്ടെ ലീഡർ”.
ഏതായാലും ഹിഡ്ഡൻ വോട്ടിംഗ് നടത്താൻ തീരുമാനിച്ചു. സജിയും മിനിയും സ്ഥാനാർത്ഥികൾ. സജിക്കും മിനിക്കും വോട്ടുണ്ട്. എല്ലാവരും അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥിയുടെ പേര് എഴുതി സാറിന് കൊടുത്തു . സിമ്പിൾ ഇലക്ഷൻ. റിസൾട്ട് വന്നു. ഇരുപതു വോട്ടും സജിക്ക് !.
ഒരാളെങ്കിലും, അറ്റ്ലീസ്റ്റ് മിനിയെങ്കിലും മിനിക്ക് വോട്ടു ചെയ്യും എന്ന് വിചാരിച്ചു കാണും സജി . അതോടെ സജി ട്യൂഷൻ നിറുത്താൻ പ്ലാൻ ഇട്ടെങ്കിലും ഞങ്ങൾ സമ്മതിച്ചില്ല. അങ്ങിനെ നല്ലൊരു ലീഡർ ആയി സജി പിന്നെയും മുന്നോട്ട് .
ഇന്നും മനസ്സിലാകാത്ത സമ്മറി:- എന്നാലും എൻ്റെ സജീ, നമുക്ക് കഴിവും ആഗ്രഹവും അതിനൊത്ത അവസരവും കിട്ടുകയാണെങ്കിൽ പിന്നെ എന്തിനു മടിച്ചു നിക്കണം. ‘ഓവർ ഷോ ‘ യുടെ ആവശ്യം ഉണ്ടോ? .