2017. റെഡ് ബെൻസ്

കഥാപാത്രങ്ങൾ :  

  1. ബാബു : എൻ്റെ കൂട്ടുകാരൻ
  2. ബക്കറ്റ് ലിസ്റ്റ്: മരിക്കുന്നതിന് മുൻപ് ചെയ്തു തീർക്കാനുള്ള ലിസ്റ്റ്.
  3. പൊട്ട കാർ: മോശം കാർ , അല്ലെങ്കിൽ കേടുവന്ന കാർ.

മരിക്കുന്നതിന് മുൻപ് സാധിക്കുമെങ്കിൽ  ചെയ്യാനുള്ള ഒരു ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട് . അതൊലൊരു ഐറ്റം ആയിരുന്നു ഒരു റെഡ് കാർ വേണം എന്നത്.

രണ്ടായിരത്തി പതിനേഴ്. എൻ്റെ കയ്യിൽ അന്നുണ്ടായിരുന്ന കാർ ഒരു ടാറ്റാ വിസ്ത ആയിരുന്നു. എല്ലാവ രും”പൊട്ട കാർ” എന്നും ഞാൻ അതിനെ “റെഡ് ബെൻസ്” എന്നും ആണ് വിളിച്ചിരുന്നത് . അതിനു മുൻപ് അതിൻ്റെ കളർ “ഗ്രേ” ആയിരുന്നു.

“ന്നാ.. പിന്നെ മേടിക്കുമ്പോൾ തന്നെ റെഡ് മേടിച്ചുണ്ടായിരുന്നോ” എന്ന് സംശയം തോന്നാം . അതിനും ഒരു കാരണം ഉണ്ട് . ഞാനും എൻ്റെ ഫ്രണ്ട് ബാബുവും ചേർന്ന് മേടിച്ചതായിരുന്നു ഈ ഗ്രേ കളർ കാർ. ബാബു ഒരു ക്രീയേറ്റീവ് ഡിസൈനർ ആണെന്ന് അവകാശപ്പെട്ടിരുന്നു . സ്വതവേ ഡിസൈനേഴ്സിന്റെ ഒരു വീക്നെസ്സ്  ആണത്രേ ഗ്രേ കളർ . ഞാൻ കണ്ടേടത്തോളം ബാബുവിന് ഗ്രേ വിട്ടുള്ള ഒരു കളി ഇല്ല. അപ്പൊ കാർ മേടിച്ചപ്പോൾ കളർ സെലക്ഷൻ അവൻ്റെ ആയിരുന്നു.

ബാബു പൊതുവെ “വസ്‌വാസിന്റെ” ആളായിരുന്നു . ഞാൻ ആണെങ്കി  “കെയർലെസ്സും”. അതുകൊണ്ടുതന്നെ എല്ലാർക്കും സംശയമായിരുന്നു ഇവരെങ്ങിനെ ഒന്നിച്ചു പോവും എന്നത്. പക്ഷെ കൊച്ചു കൊച്ചു  ഇണക്കവും പിണക്കവുമായി വല്യ തരക്കേടില്ലാതെ മുന്നോട്ടുപോയി . ഒരു വർഷം കഴിഞ്ഞു “ജോയിൻറ് കാർ  പ്രൊജക്റ്റ്  റിവ്യൂ” നു ഇരുന്നപ്പോൾ, ഇനി പാർട്ണർഷിപ് സന്തോഷപൂർവം പിരിയുന്നതാവും നല്ലതു എന്ന്  രണ്ടാളും കൂടി തീരുമാനിച്ചു. അങ്ങിനെ അന്നത്തെ മാർക്കറ്റ് വില നിശ്ചയിച്ചു ഈ കാർ എനിക്ക് തരാൻ തീരുമാനിച്ചു . ബാബു വേറെ കാറും മേടിച്ചു. വ്യത്യസ്ത സ്വഭാവമുള്ള രണ്ടുപേരുടെ കൂട്ടായ ഒരു പ്രോജക്ടിന്റെ  വളരെ ഹാപ്പി ആയുള്ള സമാപനം .

ഓക്കെ, കഥയിലേക്ക് തിരിച്ചു വരാം. കയ്യിലുള്ള കാർ “ഗ്രേ കളർ” . ആഗ്രഹം “റെഡ്  കളർ”. പുതിയ ഒരു “റെഡ് കാർ” മേടിച്ചേക്കാം എന്നുള്ള ഒരു തീരുമാനത്തിലെത്തി. സ്വതവേ ഞാനും വൈഫും പരസ്പരം റിലേറ്റഡ് അല്ലാത്ത കാര്യങ്ങളിൽ സ്വന്തം തീരുമാനമാണ് എടുക്കാറുള്ളത് . ഇനി ചോദിച്ചാൽ തന്നെ “അപ് റ്റു യൂ ,  അപ് റ്റു യൂ” എന്നേ പറയാറുള്ളൂ. എന്നാലും ഈ പ്രാവശ്യം വെറുതെ ചോദിച്ചേക്കാം എന്നൊരു തോന്നൽ. അങ്ങിനെ അവളോട് ചുമ്മാ ഒന്നു ചോദിച്ചു . “കാർ മാറ്റി ഒരു റെഡ് കാർ മേടിക്കാനുള്ള പ്ലാൻ ഉണ്ട് . എന്താണഭിപ്രായം.”. തീരെ പ്രതീക്ഷിക്കാത്ത മറുപടി “ഇപ്പൊ വേണോ ?, നമുക്ക് ഒരു വീടൊക്കെ വേണ്ടേ , അതിനല്ലേ പ്രയോറിറ്റി !”, ഞാൻ ശരിക്കും ഞെട്ടി!. വൈഫിന്റെ ഈ മാറ്റത്തിന് കാരണം പിന്നീടാണ് ഞാൻ അറിഞ്ഞത്.   എൻ്റെ ചില കുശുമ്പി  കസിൻ സിസ്റ്റേഴ്സിന്റെ പാരവെപ്പാണ് . “അവനെ അങ്ങിനെ കറങ്ങിനടക്കാൻ അനുവദിക്കരുത് , നീയൊക്കെ ഒരു പെണ്ണാണോ …. വെറുതെ വിടരുത് , രണ്ടു പെണ്കുട്ടികളല്ലേ ഉള്ളത് !”, എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഇതൊന്നും അറിഞ്ഞില്ലായിരുന്നു പാവം ഞാൻ!,. അറിഞ്ഞിരുന്നെകിൽ ഒരിക്കലും അഭിപ്രായം ചോദിക്കില്ലായിരുന്നു . പക്ഷെ ചോദിച്ച സ്ഥിതിക്ക് അവളെ എതിർത്ത് പുതിയ കാർ മേടിക്കാനും ഒരു മടി. എന്ത് ചെയ്യും . വീട് മേടിച്ചു അതിനുശേഷം കാർ മാറ്റാം എന്നത് അടുത്ത ഒരു പത്തു വർഷത്തേക്ക്  നടക്കാൻ ഒരു സാധ്യതയും ഞാൻ  കാണുന്നില്ല. അത്രക്ക് ഉഷാറായിരുന്നു ഫിനാൻഷ്യൽ സ്റ്റാറ്റസ്. എന്ത് ചെയ്യും!.

ഐഡിയ കിട്ടി. ഉള്ള കാറിനു റെഡ് പെയിന്റ് അടിക്കുക. അവളെ എതിർക്കാതെ കാര്യം നേടാം. എൻ്റെ ബക്കറ്റ് ലിസ്റ്റിലെ “റെഡ് കാർ ” എന്ന ആഗ്രഹം നടക്കലാണല്ലോ ഏറ്റവും പ്രധാനം . ഈ ഐഡിയക്ക് ആരോടും അഭിപ്രായം ചോദിച്ചില്ല. കാരണം . ആകെ ഒരു ഒന്നര ലക്ഷം വില കിട്ടാവുന്ന ഒരു കാറിനു അൻപതിനായിരം രൂപ കൊടുത്തു കളർ മാറ്റുന്ന ഐഡിയ പറഞ്ഞാൽ, ആ  ഒരൊറ്റ കാരണം മതി എന്നെ മാനസിക ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ, പിന്നെ എൻ്റെ ഇതുവരെയുള്ള അബദ്ധങ്ങളുടെ ലിസ്റ്റും അറിയാവുന്നവരാണ് ചുറ്റുപാടും . അങ്ങിനെ കാറിന്റെ  കളർ മാറ്റി . ഈ കളർ മാറ്റൽ ഞാൻ ശരിക്കും ആഘോഷിച്ചു. എൻ്റെ ഓഫീസിൽ അതുവരെ പുതിയ കാർ മേടിച്ച എല്ലാവരുടെ ചിലവിനേക്കാളും വല്യ ട്രീറ്റ് ആണ് ഞാൻ കൊടുത്തത് . അത്രത്തോളം ഹാപ്പി ആയിരുന്നു ഞാൻ.

കൂടാതെ കൂടുതൽ ലാഭം ഉണ്ടാക്കാൻ ഞാൻ ഒരു തീരുമാനം കൂടെ ഒറ്റക്കു എടുത്തു . ആരെങ്കിലും റെഡ് കാർ കാണുമ്പോൾ , “ഹേയ് , നീ എപ്പോളാണ് പുതിയ കാർ മേടിച്ചത്?” എന്ന് എന്നോട് ചോദിക്കുക ആണെങ്കിൽ അതിനു ആയിരം രൂപ വാല്യൂ കണക്കാക്കും. ഇതുവരെ ഇരുപത്തിനാലു പേർ അങ്ങിനെ ചോദിച്ചു. അപ്പോൾ സത്യത്തിൽ എനിക്ക് ഇരുപത്താറായിരം (50000 – 24000 = 26000 ) മാത്രമേ  എൻ്റെ കണക്കിൽ കാറിന്റെ കളർ മാറ്റാൻ ചിലവ് വന്നുള്ളൂ !.

സമ്മറി:- എല്ലാവർക്കും ഒരു ബക്കറ്റ് ലിസ്റ്റ് വേണം. എനിക്കുറപ്പുണ്ട് മിക്കതും നടക്കും. ഓരോ ദിവസവും പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റ് നിങ്ങൾക്കു പ്രചോദനം നൽകും.ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *