2014. വാല്യൂ ഓഫ് ടൈം
രണ്ടായിരത്തി പതിനാല് . മൂത്ത മകളുടെ സ്കൂളിൽ പി .ടി .എ. പ്രസിഡൻറ് ആയി ഒരവസരം കിട്ടി.
സിറ്റിയിലുള്ള ആദ്യത്തെ ചുരുക്കം ചില സ്കൂളുകളിൽ ഒന്നായിരുന്നു ആ സ്കൂൾ. കൂടാതെ ആ സ്കൂൾ നൂറു വർഷം ആഘോഷിക്കുന്ന വർഷമായിരുന്നു അത്. നാലു മാസം നിലനിൽക്കുന്ന കൊറേ ആഘോഷ പരിപാടികൾ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു. അതിലെ ആദ്യത്തെ ആഘോഷ പരിപാടിക്ക് ഗെസ്റ്റുകൾ ആയി രണ്ടു മന്ത്രിമാരും , ഒരു എം.പി., സിറ്റി പോലീസ് മേധാവി , മാനേജർ അച്ഛൻ അങ്ങിനെ കൊറേ പ്രമുഖ വ്യക്തികൾ സ്റ്റേജിലുണ്ടായിരുന്നു. ഹെഡ്മിസ്ട്രസ്സ് എന്നെയും നിർബന്ധിച്ചു സ്റ്റേജിൽ കയറ്റി. ഞാൻ കൊറേ പറഞ്ഞു. “പ്ലീസ് , എന്നെ ഒഴിവാക്കിത്തരണം. ഇങ്ങിനത്തെ പ്രോട്ടോക്കോൾ ഒക്കെ ഉള്ള സ്റ്റേജിൽ ഇരിക്കാനോ , സംസാരിക്കാനോ എനിക്ക് അറിയില്ല”, ടീച്ചർ സമ്മതിച്ചില്ല. “പി.ടി.എ. പ്രസിഡൻറ് സ്റ്റേജിൽ നിർബന്ധമാണ് . മൂന്നു മിനിറ്റു സംസാരിക്കുകയും വേണം!”, ശരിക്കും പെട്ടു . ഞാൻ പിന്നേം ടീച്ചറിൻറെ കാലുപിടിച്ചു , “റിസ്കാണ് ടീച്ചർ “, ടീച്ചർ എത്ര കേണപേക്ഷിച്ചിട്ടും കേട്ടില്ല.
അങ്ങിനെ ഞാൻ സ്റ്റേജിന്റെ ഏറ്റവും ബാക്കിലുള്ള സീറ്റ് പിടിച്ചു. ഓരോരുത്തരായി സംസാരിച്ചു തുടങ്ങി . എല്ലാവരുടെയും കാര്യമായ പ്രസംഗം … “വേദിയിരിക്കുന്ന ബഹുമാനപ്പെട്ട ………… ഇത്രേം തിരക്കിനിടയിലും ഇവിടെ എത്തിപ്പെട്ട …..”
അങ്ങിനെ മന്ത്രി മാർ പരസ്പരവും, എം.പി. യും , മാനേജർ അച്ഛനും എല്ലാരും … മാറി മാറി പരസ്പരം പുകഴ്ത്തി സംസാരിച്ചു …ഒരുവിധം എല്ലാവരും ഒരേ പോലത്തെ പ്രസംഗം.. സദസ്സിലുള്ളവർക്കു ഉപകാരപ്പെടുന്നതൊന്നും ഇവരു പറയുന്നില്ലേ എന്നൊരു തോന്നൽ. നാലാം ക്‌ളാസ്സു വരെയുള്ള ഏകദേശം മുന്നൂറു കുട്ടികളും അവരുടെ മാതാപിതാക്കളും ആണ് സദസ്സിലുള്ളത്. ഉച്ചക്ക് ശേഷമായതു കൊണ്ട് ഇത്തിരി ചൂടും ഉണ്ട്.
ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥി കാർട്ടൂണിസ്റ് യേശുദാസനും സ്റ്റേജിൽ ഉണ്ടായിരുന്നു. പൊടുന്നനെ ഒരു മിനിറ്റുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരച്ചു എല്ലാവരുടെയും ഹൃദയത്തിൽ അദ്ദേഹം കേറിപറ്റുകയും ചെയ്തു ! .
അവസാനം എൻ്റെ ഊഴം വന്നു, എനിക്ക് അനുവദിച്ചത് മൂന്നു മിനിറ്റ് . ഏകദേശം അറുന്നൂറു പേര് സദസ്സിൽ ഉണ്ടെങ്കിൽ എൻ്റെ മൂന്നു മിനിറ്റ് എന്ന് പറയുന്നത് (3 മിനിറ്റ് * 600 പേര് = 1800 മിനിറ്റ് ) സമം ആയിരത്തി എണ്ണൂറു മിനിറ്റു ആണ്! . ഒന്ന് മാറ്റി പ്പിടിച്ചാലോ എന്നൊരു തോന്നൽ. “എല്ലാവര്ക്കും നമസ്കാരം എന്നു പറഞ്ഞിട്ട്, എനിക്ക് പറയാനുള്ള ആറു പോയിൻറ്കൾ പറയുകയും. അത് ഒന്നൂടെ റിപ്പീറ്റ് ചെയ്തു പറയുകയും ചെയ്തു, അവസാനം ഒരിക്കൽക്കൂടി എല്ലാവര്ക്കും നമസ്കാരം! “, എനിക്കനുവദിക്കപ്പെട്ട മൂന്നു മിനിറ്റിന് പകരം രണ്ടര മിനിറ്റു കൊണ്ടുതന്നെ തീർക്കുകയും ചെയ്തു .
തിരിച്ചു എൻ്റെ സീറ്റിലേക്ക് നടക്കുമ്പോൾ എല്ലാരും എന്നെ തന്നെ നോക്കുന്നു. ഉടനെ ടീച്ചർ സ്റ്റേജിന്റെ പുറകിലേക്ക് വിളിച്ചു പ്രോട്ടോകോൾ പ്രകാരം മന്ത്രിമാരെയും, മാനേജർ അച്ഛനെയും മറ്റു പ്രമുഖ വ്യക്തികളെയും അഭിസംബോധന ചെയ്യാതെ സംസാരിച്ചത് ശരിയായില്ല എന്ന അവരുടെ പ്രതിഷേധം എന്നെ അറിയിക്കുകയും ചെയ്തു. ഞാൻ ടീച്ചറെ ദയനീയമായി നോക്കി. ടീച്ചർക്ക് ആ നോട്ടത്തിൽ നിന്ന് തന്നെ കാര്യം പിടികിട്ടി, ഇതല്ലേ ഇവൻ ആദ്യമേ പറഞ്ഞത്. അപ്പോൾ കേട്ടാൽ മതിയായിരുന്നു എന്ന്!. എനിക്കും തോന്നി വേണ്ടായിരുന്നു എന്ന്.
കഥയുടെ രണ്ടാം ഭാഗം . ഏകദേശം മൂന്നു മാസങ്ങൾക്കു ശേഷം സിറ്റിയിലുള്ള എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്ക് വേണ്ടി ഒരു ചിത്രരചനാ മത്സരം ഞങ്ങൾ നടത്തിയിരുന്നു. അതിലെ ചീഫ് ഗസ്റ്റ് നേരത്തെ പറഞ്ഞ കാർട്ടൂണിസ്റ്റ് യേശുദാസൻ ആയിരുന്നു. ടീച്ചർ എന്നെയാണ് അദ്ദേഹത്തെ കാറിൽ നിന്നും സ്റ്റേജ് വരെ അനുഗമിക്കാൻ ഏല്പിച്ചത്. അദ്ദേഹം പങ്കെടുത്ത ആദ്യത്തെ പ്രോഗ്രാമിലെ എൻ്റെ പെർഫോമൻസ് ഓർമ വന്നത് കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പോകാൻ ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു. അതുകൊണ്ട് കഴിവതും മുഖം കാണിക്കാതെ അദ്ദേഹത്തെയും കൂട്ടി സ്റ്റേജിലേക്ക് നടക്കുമ്പോൾ അദ്ദേഹം …. “നിന്നെ എനിക്ക് ഓർമ്മയുണ്ട് . കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞവനല്ലേ !”.
സമ്മറി : നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. അത് പെട്ടെന്ന് മറ്റുള്ളവർക്ക് അരോചകം ആയി തോന്നിയാലും സാരമില്ല. അതുപോലെ മറ്റുള്ളവരുടെ സമയം കളയുന്നത് കഴിയുന്നതും ഒഴിവാക്കുക. ഒരു സദസ്സിനോട് സംസാരിക്കുമ്പോൾ എത്രപേരുണ്ടോ അത്രയും ഗുണിക്കുക . ടീച്ചർമാർക്ക് ഈ കണക്കു ശരിക്കും ഉപകാരപ്പെടും. നിങ്ങൾ ഒരു മണിക്കൂർ നാൽപതു കുട്ടികൾക്ക് ക്‌ളാസ്സ് എടുക്കുന്നുണ്ടെകിൽ , അത് ഒരു മണിക്കൂർ അല്ല . നാല്പത്തൊന്നു മണിക്കൂർ ആണ്. എല്ലാവരുടെയും ഓരോ മണിക്കൂർ ആണ് നിങ്ങള് എടുക്കുന്നത്. അത്രത്തോളം റെസ്പോൺസബിലിറ്റി ഉണ്ട് നിങ്ങൾക്ക് !.