2006. റോൾ മോഡൽ
രണ്ടായിരത്തി ആറ്. മൂത്ത മകൾക് ഏകദേശം രണ്ടു വയസ്സ് . അവളു വളരുമ്പോൾ ആരായിരിക്കണം ഒരു റോൾ മോഡൽ ആയി പറഞ്ഞു കൊടുക്കേണ്ടത് ?. ഇതേപ്പറ്റി കൊറേ ചിന്തിച്ചു . “നെൽസൺ മണ്ടേല ?, മഹാത്മാ ഗാന്ധിജി ?, ഐസക് ന്യൂട്ടൺ ? മദർ തെരേസ ?…” അങ്ങിനെ പലരും മനസ്സിൽ മിന്നി മറഞ്ഞു. അവസാനം എൻ്റെ വലിയ ബുദ്ധിയിൽ തോന്നിയത്, നമ്മള് തന്നെ അല്ലേ അവർക്കു റോൾ മോഡൽ ആകേണ്ടത് , നമ്മളെയല്ലേ അവർ ഡെയ്‌ലി കാണുന്നത് , പിന്നെ എന്തിന് വേറെ റോൾ മോഡലിനെയും തപ്പി നടക്കുന്നു ?”.
അപ്പൊ തീരുമാനമായി . “ഞാൻ തന്നെ എൻ്റെ മക്കൾക്ക് റോൾ മോഡൽ”. പിന്നെ അതായി ചിന്ത . എങ്ങിനെ അത് അവൾക്കു മനസ്സിലാക്കികൊടുക്കും ?.
ആദ്യത്തെ ഐഡിയ മനസ്സിൽ റെഡി ആയി . സീൻ അടുക്കള . അഴുക്കായാൽ ക്ലീൻ ചെയ്യുന്ന ഒരു തുണികഷ്ണം മോൾക്ക് കയ്യെത്തുന്ന ദൂരത്തിൽ ഉള്ള ഒരു സ്റ്റാൻറിൽ വെച്ചു . എന്നിട്ടു അവളു കാൺകെ ഒരു സ്റ്റീൽ ഗ്ലാസിൽ കുറച്ചു വെള്ളം അറിയാതെ തട്ടിവീണപോലെ ഒരു സീൻ ഉണ്ടാക്കി . എന്നിട്ടു സ്റ്റാൻറിൽനിന്നും തുണികഷ്ണം എടുത്ത് തുടച്ചു . എല്ലാം അവളു കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
പിറ്റേ ദിവസം രാവിലെ, എൻ്റെ വൈഫ് മോർണിംഗ് കോഫി കൊണ്ടുവന്നപ്പോൾ ഞാൻ ബാത്ത്റൂമിൽ ആയിരുന്നു . സാധാരണ നിലത്തിരുന്നാണ് പത്രം വായനയും കോഫി കുടിയും. ഞാൻ ഇരിക്കുന്ന സ്ഥലത്തു അവൾ കോഫി വെച്ച് അടുക്കളയിലേക്ക് പോയി . ഞാൻ ബാത്ത്റൂമിൽ നിന്നും വന്നപ്പോൾ കണ്ട സീൻ . ആ റൂമിൽ മൊത്തം കോഫി . തുടക്കുന്നത് എൻ്റെ ഏറ്റവും പുതിയ ഷർട്ട് കൊണ്ടും. അലക്കിയ തുണികൾ മടക്കി വെക്കാൻ ബെഡിൽ കൊണ്ട് വന്നിയിട്ടതായിരുന്നു . എൻ്റെ ഭാഗ്യത്തിന് അവൾക്കു കയ്യെത്തുന്ന ദൂരത്തു എൻ്റെ ഏറ്റവും പുതിയ ഷർട്ട് ആയിരുന്നു !.
സമ്മറി:- പിള്ളേർക്ക് പ്രത്യേകിച്ചു റോൾ മോഡൽ ഒന്നും വേണ്ട. പക്ഷെ അവര് നിങ്ങളെ എപ്പോഴും ഒബ്സർവ് ചെയ്യുന്നുണ്ട് എന്നുള്ളത് മറക്കണ്ട.