2001. സമ്മാനം ഇരട്ടിപ്പിക്കൽ

കഥാപാത്രങ്ങൾ : 

  1. ഞാൻ : കഥാനായകൻ.
  2. ബാബു: കൂടെ വർക്ക് ചെയ്യുന്ന വ്യക്തി
  3. മനീഷ് : കൂടെ വർക്ക് ചെയ്യുന്ന വ്യക്തി

രണ്ടായിരത്തി ഒന്ന് . ബാംഗ്ളൂരിൽ മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടു ദിവസത്തെ വർക്ക് ഷോപ്പിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയെ പ്രതിനിധീകരിച്ചു  പങ്കെടുക്കാൻ എനിക്കും ബാബുവിനും ആണ് നറുക്ക് വീണത്. കമ്പനി സ്പോൺസർ ചെയ്യുന്ന പരിപാടി ആയതുകൊണ്ട് തിരിച്ചുവന്നാൽ  കിട്ടിയ വിവരങ്ങളെ കുറിച്ച് കമ്പനിയിൽ ഒരു  പ്രസന്റേഷൻ ചെയ്യണം, അതാണു ഡീൽ.

വർക്ക് ഷോപ്പിൻ്റെ  രണ്ടാം ദിവസം ഒരു ക്വിസ് പ്രോഗ്രാം ഉണ്ടായിരുന്നു. ഒരു ടീമിൽ രണ്ടു പേർ. തൊട്ടടുത്ത ഇരിക്കുന്ന ആൾ ആയിരിക്കും ടീം മെമ്പർ. എനിക്ക് ടീം മെമ്പർ ആയി കിട്ടിയത് ബാംഗ്ലൂരിലെ വിപ്രോയിൽ നിന്നുമുള്ള ഒരു ബുദ്ധിമാൻ ആയിരുന്നു. അതുകൊണ്ടു മാത്രം ഞങ്ങളുടെ ടീം ഫൈനൽ റൗണ്ടിൽ കടക്കുകയും തേർഡ് പ്രൈസ് കിട്ടുകയും ചെയ്തു. എനിക്ക് സമ്മാനമായി കിട്ടിയത് ഒരു ടൈറ്റാൻ വാച്ച് ആയിരുന്നു.

വല്യ അഹങ്കാരത്തോടെ തിരിച്ചു കമ്പനിയിൽ എത്തി. എല്ലാരേം സമ്മാനമൊക്കെ കാണിച്ചു അങ്ങിനെ ഷൈൻ ചെയ്തു നടക്കുന്നതിനിടക്ക്, എൻ്റെ കൂടെ വർക്ക് ചെയ്യുന്ന മനീഷ് ഇത്തിരി ഡിഫറൻറ് ആണ്. മറ്റുള്ളവരുടെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഒരു പ്രത്യേക കഴിവും അവനുണ്ട്. മനീഷ് വാച്ച് സൂക്ഷ്മമായി നോക്കി അതിനകത്തെ ഒരു സ്ക്രാച്ചു കണ്ടു പിടിച്ചു. എന്നിട്ടു എന്നെ നന്നായി  പിരി കേറ്റി . “സമ്മാനമാണെങ്കിലും തരുമ്പോൾ അവർക്ക് ഒരു പുതിയത് തന്നൂടെ …ഇത് കണ്ടോ പഴയ വാച്ച് ആണ് … ഇതിങ്ങനെ വിട്ടാൽ പറ്റില്ല “.  പൊതുവെ ഇതൊന്നും അത്ര കാര്യമായി എടുക്കാത്ത ഞാൻ പറഞ്ഞു, “ഇതു തന്നെ അർഹിക്കാത്തതാണ്. എൻ്റെ ടീം മെമ്പറിന്റെ കഴിവുകൊണ്ട് മാത്രം കിട്ടിയതാണ്. പോട്ടെ… വിട്ടേക്ക് ” ,പക്ഷെ അങ്ങിനെ പറഞ്ഞിട്ടൊന്നും അവൻ വിട്ടില്ല. ഒടുവിൽ ഞങ്ങൾ മൈക്രോസോഫ്റ്റിന്  ഒരു ഇമെയിൽ അയക്കാൻ തീരുമാനിച്ചു . ” എത്ര നിസ്സാരമായ സമ്മാനം ആയിരുന്നെങ്കിലും പുതിയത് തരാമായിരുന്നു . അത് ഒരു പത്തു രൂപയുടെ പേന ആയിരുന്നെങ്കിൽ പോലും… ഇനി സമ്മാനം തന്നില്ലെങ്കിലും സാരമില്ലായിരുന്നു.   ന്നാലും എൻ്റെ മൈക്രോസോഫ്റ്റ് , നിങ്ങളിൽ നിന്നും ഇത്രേം പ്രതീക്ഷിച്ചില്ല  “, ഇതായിരുന്നു ഇമെയിൽ സാരം .

മണിക്കൂറുകൾക്കുള്ളിൽ ഇമൈലിനു റിപ്ലൈ വന്നു. കൂടാതെ രണ്ടു ഫോൺ കാളുകളും . ഒന്ന്  യുഎസിൽ നിന്നും ഒന്ന് അവരുടെ ബാംഗ്ലൂർ ഓഫീസിൽ നിന്നും. “ഡൌൺ ടു എർത്ത് , സോറി പറച്ചിൽ “. ഞങ്ങള് രണ്ടാളും ഇത്രേം റെസ്പോൺസ് പ്രതീക്ഷിച്ചില്ലായിരുന്നു. കൂടാതെ ഒരാഴ്ചക്കുള്ളിൽ പുതിയ രണ്ടു വാച്ചുകളും അവര് അയച്ചു തന്നു.  ഞങ്ങളുടെ  ഭാഗ്യം!. അവര് കിട്ടിയ വാച്ച് തിരിച്ചു കൊടുക്കാൻ പറഞ്ഞില്ല. അതിലെ സ്ക്രാച്ച് കാണണമെങ്കിൽ മനീഷിനെയും കൂടി കൂടെ അയച്ചു കൊടുക്കണമായിരുന്നു. കാരണം അത്രക്കും സൂക്ഷമമായി നോക്കിയാലേ സ്ക്രാച്ച് കാണാൻ പറ്റുമായിരുന്നുള്ളു!. ഫൈനലി മൂന്നു വാച്ചുകൾ !.

സമ്മറി:- അർഹത പെട്ടത് നേടിയെടുക്കാൻ മടി കാണിക്കേണ്ട ആവശ്യം ഇല്ല. ചിലപ്പോ ഡബിൾ റിസൾട്ട് കിട്ടും. എഗൈൻ എപ്പോളും പൂച്ച പാല്  കുടിക്കണം എന്നും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *