2001. ഫേമസ് സച്ചിൻ
കഥാപാത്രങ്ങൾ :
- സച്ചിൻ: കഥാനായകൻ.
- ബാബു : കൂടെ പഠിച്ച കൂട്ടുകാരൻ.
രണ്ടായിരത്തി ഒന്നിലാണെന്നു തോന്നുന്നു. തമിഴ്‌നാട്ടിൽ പഠിക്കുമ്പോൾ എൻ്റെ റൂം മേറ്റ് ആയിരുന്ന ബാബു എന്നെ അവൻ്റെ കല്യാണത്തിന് ക്ഷണിച്ചു. കക്ഷി അപ്പോൾ ഒരു ട്രെയ്നിങ് കോളേജിൽ ലെക്ചറായി ജോലി ചെയ്യുകയായിരുന്നു. ഇത്തിരി നർമ്മ ബോധം ഉള്ള ആളായതുകൊണ്ടു കുട്ടികളെ കയ്യിലെടുക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളെ. അവൻ്റെ കോളേജിലെ സ്‌റ്റോറികൾ അവൻ്റെ സ്റുഡൻസിന്റെ അടുത്തുനിന്നും കേൾക്കുമ്പോൾ ഇത്തിരി അസൂയ ഒക്കെ തോന്നാറുമുണ്ട്.
കല്യാണ പാർട്ടി അവൻ്റെ വീട്ടിൽ വെച്ചായിരുന്നു. നല്ല കളർ ഫുൾ ആയ പരിപാടി. അവൻ്റെ കോളേജിലെ അവൻ പഠിപ്പിക്കുന്ന സ്റ്റുഡൻറ്സ് കൾ ആയിരുന്നു കൂടുതലും. ചിലരൊക്കെ എൻ്റെ അടുത്ത് വന്നു എന്നെ പരിചയപ്പെടാൻ തുടങ്ങി , ” നിങ്ങളാണല്ലേ ഞങ്ങളുടെ ബാബുസാറിൻറെ കൂടെ പഠിച്ച സച്ചിൻ “. പരിചയപെട്ടവർ തിരിച്ചു പോയി മറ്റുള്ളവരോട് സ്വകാര്യം പറയുന്നു. അങ്ങിനെ അവരും എൻ്റെ അടുത്ത് വരുന്നു. പരിചയപ്പെടുന്നു. മൊത്തത്തിൽ വെരി പോസിറ്റീവ് വൈബ് . പിന്നെ ക്യൂ ആയി എന്നെ പരിചയപ്പെടാൻ. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഇതെങ്ങനെ സംഭവിച്ചു. കൂടുതലും പെൺകുട്ടികൾ. ശോ കുറച്ചുകൂടെ നല്ല ഷർട്ട് ഇട്ടു വരാമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഇത്തിരി പന്തികേട് തോന്നി. പരിചയപെട്ടവർ പരസ്പരം അടക്കം പറയുന്നു. എന്നെ നോക്കുന്നു, ചിരിക്കുന്നു. വീണ്ടും എന്നെ നോക്കുന്നു, ചിരിക്കുന്നു. പിന്നീടാണ് അറിഞ്ഞത്, ബാബുസാർ ക്ലാസ്സിൽ ഷൈൻ ചെയ്യാൻ വേണ്ടി, അവനും പഠിക്കുമ്പോൾ ഞങ്ങളുടെ കൂട്ടത്തിലുള്ള ഏതു ഫ്രണ്ടിനും പറ്റിയ അബദ്ധങ്ങൾ എല്ലാം എൻ്റെ പേരിലാണ് ഇറക്കിയിരുന്നതത്രെ. “എൻ്റെ കൂടെ ഒരു സച്ചിൻ ഉണ്ടായിരുന്നു…..മഹാ അബദ്ധം… “, എല്ലാം എൻ്റെ പേരിൽ !, അതും പൊതുവെ അബദ്ധങ്ങൾ സംഭവിക്കാത്ത എന്നെ പറ്റി !. എങ്ങിനെ സഹിക്കും.
സമ്മറി : – നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് സന്തോഷമുണ്ടാകുന്നെങ്കിൽ നടക്കട്ടെ… അല്ല പിന്നെ !.