1990. റിവഞ്ച്
കഥാപാത്രങ്ങൾ :
- ഞാൻ : കഥാനായകൻ.
- മിനി: കഥാനായിക.
- മനീഷ് : മിനിയുടെ അയൽവാസി.
- ജോമെട്രി ബോക്സ് : ഇൻസ്ട്രുമെൻറ് ബോക്സിനു അന്ന് അങ്ങിനെയാണ് പറയാറ്.
- റബ്ബർ : പെൻസിൽ എറൈസർ
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു കാലഘട്ടം. ഒൻപതാം ക്ളാസ്സ് . 9 A ലെ കഥാനായകന് 9 B യിലെ മിനി യോട് ഒരിഷ്ടം.
സ്കൂളിൽ പൊതുവെ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം സംസാരിക്കാറില്ല . പ്രത്യേകിച്ച് വേറെ ക്ളാസ്സിലെ കുട്ടികളോട് . എൻ്റെ അടുത്ത കൂട്ടുകാരനും ക്ളാസ്സ്മേറ്റും ആയ മനീഷ്, മിനിയുടെ അയൽവാസി ആണ്. കൊറേ നാൾ മിനിയോടുള്ള ഇഷ്ടം സൂക്ഷിച്ചുവെച്ചു. അവസാനം പിടിച്ചുനിൽക്കാനുള്ള കപ്പാസിറ്റി തീർന്നപ്പോൾ മനീഷിനോട് കാര്യം പറഞ്ഞു . ഇതുവരെ സംസാരിച്ചിട്ടില്ലാത്ത മിനിയോട് ഒരു “Hi ” പറയാൻ, ഒന്ന് അവളോട് സംസാരിക്കാനുള്ള ഒരവസരം ഉണ്ടാക്കിത്തരാമോ എന്നു ചോദിച്ചു. മനീഷിനു എന്നെ എങ്ങിനെയെങ്കിലും ഹെൽപ് ചെയ്യണം എന്നുണ്ട് . പക്ഷെ എങ്ങിനെ മിനിയോട് പറയും ?. അവസാനം ഒരു ഐഡിയ കണ്ടു പിടിച്ചു .
ആ കാലത്തു എല്ലാവരുടെ അടുത്തും ജോമെട്രി ബോക്സ് ഉണ്ടായിരുന്നില്ല . അപ്പൊ മാത്സ് പിരീഡിന്റെ തൊട്ടുമുൻപ് അടുത്ത ക്ളാസിൽ നിന്നും ജോമെട്രി ബോക്സ് കടം മേടിക്കുന്ന ഒരു ഓട്ട മത്സരം ഉണ്ട് . പീരീഡിനിടയിൽ ക്ളാസിൽ നിന്നും പുറത്തു പോകാൻ പാടില്ലെങ്കിലും ഇത് അനുവദനീയമാണ് . മിനിക്ക് ജോമെട്രി ബോക്സ് ഇല്ല. അപ്പൊ മിനി സാധാരണ അവളുടെ അയൽവാസിയായ മനീഷിന്റെ അടുത്ത് വരാറുണ്ട് ജോമെട്രി ബോക്സ് മേടിക്കാൻ . അങ്ങിനെയാണ് മിനിയെ ഇടക്ക് കാണാൻ അവസരം കിട്ടാറും . സ്വതവേ പഠിപ്പിൽ മോശമായ എനിക്ക് മാത്സ് സബ്ജെക്റ്റിനോട് ഒരു താല്പര്യം തോന്നാൻ തന്നെ ഈ ജോമെട്രി ബോക്സ് എക്സ്ചേഞ്ച് ഏർപ്പാടാണ് കാരണം .
സൊ … അങ്ങിനെ ജോമെട്രി ബോക്സ് വെച്ചു ഒരു ഐഡിയ ഞങ്ങൾ പ്ലാൻ ചെയ്തു . മനീഷ് നാളെ ജോമെട്രി ബോക്സ് കൊണ്ടുവരരുത് . മിനി ജോമെട്രി ബോക്സ് ചോദിച്ചുവരുമ്പോൾ മനീഷ് പറയണം , “അയ്യോ എടുക്കാൻ മറന്നുപോയാലോ .. എന്ത് ചെയ്യും . സാരമില്ല വേറെ ആരുടെ അടുത്തുനിന്നും മേടിച്ചുതരാം ” എന്ന് പറയുന്നു.എന്നിട്ടു മിനിയേം കൂട്ടി എൻ്റെ അടുത്ത് വരുന്നു. എൻ്റെ ജോമെട്രി ബോക്സ് കൊടുക്കുന്നു . ഇതാണു പ്ലാൻ .
അങ്ങിനെ പിറ്റേന്ന് പ്ലാൻ ചെയ്തപോലെ നടന്നു . മനീഷ് ഒരു വല്യ കാര്യം ചെയ്തപോലെ എൻ്റെ മുമ്പിൽ ഷൈൻ ചെയ്യുകയും ചെയ്തു . മനീഷിനു ഇതിന്റെ പേരിൽ അന്ന് ഒരു കോൽ ഐസും മേടിച്ചു കൊടുത്തു. ഇതോടെ തീർന്നെന്നാണ് മനീഷ് വിചാരിച്ചത് . പക്ഷേ പിറ്റേന്നും മനീഷിനോട് ജോമെട്രി ബോക്സ് കൊണ്ടുവരരുത് എന്ന് ഞാൻ അഭ്യർത്ഥിച്ചു . ഒരു കോൽ ഐസ് എന്നത് രണ്ടു കോൽ ഐസ് ആയി ഡീൽ. മൂന്നാം ദിവസം ആയപ്പോഴേക്കും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല . എങ്ങിനെയെങ്കിലും മിനിയെ തൻ്റെ ഇഷ്ടം അറിയിക്കണം . ഇപ്രാവശ്യം മനീഷിനോട് ഈ ഐഡിയ ഷെയർ ചെയ്യേണ്ട എന്നും തീരുമാനിച്ചു . ജോമെട്രി ബോക്സ് ലെ റബ്ബറിൽ പെന്നുകൊണ്ടു ഇനീഷ്യൽസ് എഴുതാം. അങ്ങിനെ (ME + MNI) എന്ന് ഒരു ലവ് ചിഹ്നത്തിന് അകത്തു വരച്ചു വെച്ചു .
ജീവിതത്തിൽ ഇത്രേം ടെൻഷൻ ഇതിനു മുമ്പുണ്ടായിട്ടില്ലാന്നു തോന്നുന്നു. അങ്ങിനെ 9B യിൽ മാത്സ് പീരീഡ് ആയപ്പോൾ ജോമെട്രി ബോക്സ് നു വേണ്ടി മിനി വരുന്നു. സാധാരണ പോലെ ജോമെട്രി ബോക്സ് കൈമാറുന്നു . പക്ഷെ ഇപ്രാവശ്യം അതിനുള്ളിൽ എൻ്റെ ഹൃദയം വരച്ചു വെച്ചത് അറിയാതെ മിനി മേടിച്ചോണ്ടു പോയി. ആ പീരീഡ് ജീവിതത്തിൽ ഏറ്റവും ദൈർഘ്യമേറിയ പീരീഡ് ആയിരുന്നു. ജീവിതത്തിലെ ആദ്യത്തെ ഇഷ്ടത്തിന്റെ റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് !. അവസാനം റിസൾട്ട് വന്നു . റബ്ബറിലെ എൻ്റെ എഴുത്തു മായ്ച്ചിട്ടുണ്ട് . അതിൻ്റെ മറ്റേ സൈഡിൽ ഒരു മെസ്സേജും ഉണ്ട് , “ഇനി മേൽ ഇതാവർത്തിക്കരുത് “.
അതോടെ ആദ്യത്തെ പ്രേമം പൂട്ടി. അതുവരെ ഒപ്ടിമിസ്റ്റിക് ആയ ചിന്തകൾക്കുള്ള പെട്ടെന്നുള്ള തിരിച്ചടി സ്വാഭാവികമായും ഒരു റിവഞ്ച് എടുക്കണോ എന്നൊക്കെ തോന്നാൻ തുടങ്ങി. “സ്വയം കൊള്ളാം. എനിക്കെന്താണ് കുറവ് ?, എൻ്റെ റബ്ബറിൽ എഴുതാൻ മിനിക്കെന്തു അവകാശം !”. എന്നൊക്കെയുള്ള ഒരു ഈഗോ വർക്ഔട്ട് ചെയ്യാൻ തുടങ്ങി. പിന്നെ വേണ്ടെന്നു വെച്ചു. സാമ്പത്തികമായുള്ള നഷ്ടം നിന്നല്ലോ, ഡൈലിയുള്ള കോൽ ഐസിൻ്റെ ചെലവ് നിന്നല്ലോ…മിനി മാത്രമല്ലല്ലോ… പോട്ടെ അടുത്തതിൽ പിടിക്കാം.”, എന്നൊക്കെ…
സമ്മറി : –
1. എഴുതി യാൽ മായ്ക്കാൻ പറ്റാത്ത റബ്ബർ വേണം മേടിക്കാൻ . അല്ലെങ്കി ഈ പണിക്ക് നിക്കരുത് .
2. തളരരുത് , നമ്മള് കാണാത്ത ഒരുപാട് ലോകം, ഒരുപാടു മിനിമാരും പിന്നേം ഉണ്ട് എന്ന് വിശ്വസിക്കുക .